പ്രധാന വാര്‍ത്തകള്‍

വാര്‍ത്തകളും അറിയിപ്പുകളും അയച്ചു തരുമെന്ന് പ്രതീക്ഷിക്കുന്നു..!!! അയയ്ക്കേണ്ട വിലാസം ദാ... വരുന്നു..!!>>>>>govindtvpuram@gmail.com>

2013, ജൂൺ 30, ഞായറാഴ്‌ച

പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വിജയിച്ചു.

ടി.വി.പുരം (വൈക്കം): യു.ഡി.എഫ്. ഭരിക്കുന്ന ടി.വി. പുരം ഗ്രാമപ്പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വിജയിച്ചു.

കേരള കോണ്‍ഗ്രസ്(എം)ന്റെ മൂന്നംഗങ്ങളില്‍ ഒരാള്‍ എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ഥിക്കും ബി.ജെ.പി.യു
ടെ ഏക അംഗം കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ഥിക്കുമാണ് വോട്ടുചെയ്തത്. ഇതോടെ ഇരു സ്ഥാനാര്‍ഥികള്‍ക്കും തുല്യ വോട്ട് ലഭിച്ചു. തുടര്‍ന്ന് നടത്തിയ നറുക്കെടുപ്പിലാണ് എല്‍.ഡി.എഫില്‍ സി.പി.എമ്മിന്റെ കവിത റെജി വിജയിയായത്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള 'ഭാഗ്യപരീക്ഷണ'ത്തില്‍ കോണ്‍ഗ്രസ്സിലെ ശ്രീരേഖ സുധീരനാണ് പരാജയപ്പെട്ടത്.

കേരള കോണ്‍ഗ്രസ് (എം)ലെ ഒരംഗത്തിന്റെ വോട്ട് അസാധുവായി. ഇവരുടെ മറ്റൊരംഗം വോട്ടുചെയ്തില്ല. വോട്ടെടുപ്പിനുശേഷം കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. കേരള കോണ്‍ഗ്രസ് (എം) അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ജോണ്‍സണ്‍ കടമ്പ്രയ്ക്കുനേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ചിലര്‍ ചെളിവാരിയെറിഞ്ഞു.

മുന്‍ധാരണയനുസരിച്ച് കോണ്‍ഗ്രസ്സിലെ ബീന മോഹനന്‍ രാജിവച്ച ഒഴിവിലേക്കായിരുന്നു തിങ്കളാഴ്ച തിരഞ്ഞെടുപ്പ് നടന്നത്. 14 പേരുള്ള പഞ്ചായത്ത് ഭരണസമിതിയില്‍ യു.ഡി.എഫിന് എട്ടും (കോണ്‍ഗ്രസ്- 5, കേരള കോണ്‍ഗ്രസ്- 3), എല്‍.ഡി.എഫിന് അഞ്ചും (സി.പി.എം- 3, സി.പി.ഐ- 2), ബി.ജെ.പി.ക്ക് ഒന്നും അംഗങ്ങളാണുള്ളത്.

ഭരണത്തില്‍ രണ്ടരവര്‍ഷം പൂര്‍ത്തിയായപ്പോള്‍ മുന്‍ധാരണപ്രകാരം കോണ്‍ഗ്രസ്സിലെ ബീന മോഹനന്‍ രാജിവച്ചു. കോണ്‍ഗ്രസ്സിലെ ശ്രീരേഖ സുധീരനെ ഈ സ്ഥാനത്തേക്ക് മത്സരിപ്പിക്കാനായിരുന്നു കോണ്‍ഗ്രസിന്റെ തീരുമാനം.

പ്രസിഡന്റ് സ്ഥാനത്തേക്കുള്ള അടുത്ത ഊഴം നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് സ്വന്തം സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്നാണ് മുന്നണിയില്‍ ഭിന്നതയുണ്ടായത്.

കേരള കോണ്‍ഗ്രസ് (എം) അംഗവും ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ജോണ്‍സണ്‍ കടമ്പ്രയാണ്, കവിത റെജിക്ക് വോട്ടുചെയ്തത്. കേരള കോണ്‍ഗ്രസ് (എം)ന്റെ അംഗവും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷയുമായ സിന്ധു മധുവിന്റെ വോട്ട് അസാധുവായി. ബാലറ്റുപേപ്പറില്‍ ഒപ്പിടാത്തതിനെ തുടര്‍ന്നായിരുന്നു ഇത്. കേരള കോണ്‍ഗ്രസ് (എം) അംഗമായ സെബാസ്റ്റ്യന്‍ ആന്റണി എത്തിയിരുന്നെങ്കിലും വോട്ടുചെയ്തില്ല. ബി.ജെ.പി.യുടെ ഏക അംഗം ഗീത ജോഷിയുടെ വോട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ലഭിച്ചു. ഇരു സ്ഥാനാര്‍ഥികള്‍ക്കും 6 വീതം വോട്ടുകള്‍ ലഭിച്ചു. തുടര്‍ന്നാണ് നറുക്കിട്ടത്.

സംസ്ഥാനതലത്തിലുള്ള ധാരണപ്രകാരം അടുത്ത രണ്ടര വര്‍ഷത്തേക്ക് പ്രസിഡന്റുസ്ഥാനം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് കേരള കോണ്‍ഗ്രസ് (എം) വൈക്കം നിയോജകമണ്ഡലം പ്രസിഡന്റ് പോള്‍സണ്‍ ജോസഫ് പറഞ്ഞു. ഇതനുസരിച്ച് കോണ്‍ഗ്രസിന് കത്തുകൊടുക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. കോണ്‍ഗ്രസ് സമ്മതിച്ചില്ല. തുടര്‍ന്നാണ് ടി.വി.പുരം പഞ്ചായത്തിലെ കേരള കോണ്‍ഗ്രസ് (എം) അംഗങ്ങളോട് മനഃസാക്ഷി വോട്ട് ചെയ്തുകൊള്ളാന്‍ നിര്‍ദേശിച്ചതെന്ന് പോള്‍സണ്‍ ജോസഫ് പറഞ്ഞു.

ഭരണത്തില്‍ രണ്ടരവര്‍ഷം കഴിയുമ്പോള്‍ കേരള കോണ്‍ഗ്രസി(എം) ന് പ്രസിഡന്റ് സ്ഥാനം നല്‍കാമെന്ന് സംസ്ഥാനതലത്തില്‍ കരാര്‍ ഇല്ലെന്ന് കോണ്‍ഗ്രസ് വൈക്കം ബ്ലോക്ക് പ്രസിഡന്റ് പി.എന്‍.ബാബു പറഞ്ഞു. ടി.വി.പുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്നീ പദവികള്‍ അഞ്ചുവര്‍ഷത്തേക്ക് പൂര്‍ണമായി കേരള കോണ്‍ഗ്രസ്സിനാണ് നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

2013, ജൂൺ 23, ഞായറാഴ്‌ച

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡവലപ്പ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റ്, ഐ,ആര്‍.ടി.സി. പരിസരകേന്ദ്രം, സംസ്ഥാന ആരോഗ്യവകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ ടി.വി.പുരം പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട 140 കുടിവെള്ള കിണറുകളുടെ സംരക്ഷണവും പഠനവും നടത്തി.
കിണറുകളിലെ വെള്ളം സമയബന്ധിതമായി പരിശോധനാവിധേയമാക്കുക, മഴവെള്ളം ശാസ്ത്രീയമായി ശുദ്ധീകരിച്ച് കിണറിലേക്ക് ഒഴുക്കിവിട്ട് കിണറിലെ ജലലഭ്യത വര്‍ദ്ധിപ്പിക്കുക, കിണര്‍വെള്ളം ശാസ്ത്രീയമായി ശുദ്ധീകരിക്കുക, ഗാര്‍ഹിക ജല ശുദ്ധീകരണ സംവിധാനങ്ങള്‍ സ്ഥാപിക്കുക എന്നീ കാര്യങ്ങളില്‍ സാങ്കേതികവും പ്രായോഗികവുമായ പ്രവര്‍ത്തനങ്ങളാണ് നടത്തുക. രജിസ്റ്റര്‍ചെയ്യാം.:211762, 9446862618.

ആധാര്‍ നമ്പര്‍ നല്‍കണം

ഗ്രാമപ്പഞ്ചായത്തില്‍ നിന്ന് വിവിധ ക്ഷേമപെന്‍ഷനുകള്‍ കൈപ്പറ്റുന്ന പോസ്റ്റ് ഓഫീസ് /ബാങ്ക് അക്കൗണ്ട് നമ്പര്‍ മാത്രം നല്കിയിട്ടുള്ള ഗുണഭോക്താക്കള്‍ ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ് 28ന് മുമ്പ് പഞ്ചായത്ത്ഓഫീസിലോ തൊട്ടടുത്ത അങ്കണ്‍വാടിയിലോ നല്കണം.

2013, ഫെബ്രുവരി 19, ചൊവ്വാഴ്ച

പച്ചക്കറിവിത്ത്

കൃഷിഭവനില്‍നിന്ന്പച്ചക്കറി വിത്ത് സൗജന്യമായി വിതരണം ചെയ്യുന്നു. ആവശ്യമുള്ളവര്‍ റേഷന്‍ കാര്‍ഡ് സഹിതം 18 മുതലുള്ള പ്രവൃത്തി ദിനങ്ങളില്‍ കൃഷിഭവനിലെത്തണം

ആധാര്‍ ഫോട്ടോ എടുക്കല്‍

ടിവി പുരം പഞ്ചായത്തില്‍ ആധാര്‍ എന്റോള്‍മെന്റ് ചെയ്തിട്ടില്ലാത്തവര്‍ക്കായി ഫെബ്രുവരി 18, 19, 20 തിയ്യതികളില്‍ ടിവി പുരം അക്ഷയ ഇ-കേന്ദ്രത്തില്‍ എന്റോള്‍മെന്റ് ക്യാമ്പ് നടക്കും. റേഷന്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഹാജരാക്കണം. ഫോണ്‍: 9446862618.

2013, ഫെബ്രുവരി 4, തിങ്കളാഴ്‌ച

ബാലവേദി വാര്‍ഷികം

ചെമ്മനത്തുകര:എസ്.എന്‍.ഡി.പി.യോഗം 113-ാം നമ്പര്‍ ശാഖയിലെ ചെമ്പഴന്തി കുടുംബയൂണിറ്റിന്റെ ഗുരുദര്‍ശന ബാലവേദിയുടെ സംഗമവും നാലാം വാര്‍ഷികവും നടത്തി. ശാഖാ വൈസ് പ്രസിഡന്റ് വി.വി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡന്റ് അനന്തു ഉല്ലാസന്‍ അധ്യക്ഷനായി. ശാഖാ സെക്രട്ടറി റ്റി.ആര്‍.കാര്‍ത്തികേയന്‍, ബാലവേദി അധ്യാപകന്‍ വി.വി.കനകാംബരന്‍, ബ്ലോക്ക് പഞ്ചായത്തംഗം ഗീത പ്രകാശന്‍, യൂണിറ്റ് ചെയര്‍മാന്‍ പൊന്നുണ്ണി, റെജി, ബാലവേദി സെക്രട്ടറി ആര്യ പ്രകാശ്, സ്മിത, ദീപ വിജയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.