പ്രധാന വാര്‍ത്തകള്‍

വാര്‍ത്തകളും അറിയിപ്പുകളും അയച്ചു തരുമെന്ന് പ്രതീക്ഷിക്കുന്നു..!!! അയയ്ക്കേണ്ട വിലാസം ദാ... വരുന്നു..!!>>>>>govindtvpuram@gmail.com>

2011, സെപ്റ്റംബർ 5, തിങ്കളാഴ്‌ച

കരിയാര്‍ സ്‌പില്‍വേ-കം-ബ്രിഡ്ജ് ശിലാസ്ഥാപനം നാടിന് ഉത്സവമായി



          കരിയാറിന് കുറുകെ കോട്ടച്ചിറയില്‍ നിര്‍മ്മിക്കുന്ന സ്​പില്‍വേ കം ബ്രിഡ്ജിന്റെ ശിലാസ്ഥാപന ചടങ്ങ് ടി.വി.പുരം, തലയാഴം, പഞ്ചായത്തുകള്‍ക്ക് ഉത്സവമായി.
           ഞായറാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്​പില്‍വേ കം ബ്രിഡ്ജിന് തറക്കല്ലിട്ടത് വന്‍ പുരുഷാരത്തെ സാക്ഷിനിര്‍ത്തിയാണ്.
മുഖ്യമന്ത്രിയെയും മന്ത്രി പി.ജെ. ജോസഫിനെയും എം.പി. ജോസ് കെ. മാണിയെയും എം.എല്‍.എ.മാരായ കെ. അജിത്ത്, മോന്‍സ് ജോസഫ് എന്നിവരെയും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളെയും താളമേളങ്ങളോടെ സമ്മേളന സ്ഥലത്തേയ്ക്ക് സ്വീകരിച്ചു.
               അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ 20000 ഏക്കര്‍ നെല്‍പ്പാടങ്ങളെ ഓരുവെള്ളത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ 40 വര്‍ഷം മുന്‍പ് വിഭാവനം ചെയ്ത സ്​പില്‍വേ കം ബ്രിഡ്ജ് പദ്ധതി നാടിന്റെ സ്വപ്നമായിരുന്നു.
             സ്​പില്‍വേ പാലവും യാഥാര്‍ത്ഥ്യമായാല്‍ ടി.വി.പുരം, തലയാഴം പഞ്ചായത്തുകള്‍ക്ക് ഉണ്ടാകുന്ന നേട്ടങ്ങള്‍ ഏറെയാണ്. ഇരു പഞ്ചായത്തുകളെയും കൂട്ടിയിണക്കുന്ന പാലം നിരവധി ഉള്‍നാടന്‍ മേഖലകളെ പുറംലോകവുമായി ബന്ധിപ്പിച്ച് യാത്രാസൗകര്യം തുറന്നുകൊടുക്കും.
                   ഇടുക്കി ഡാമില്‍ നിന്ന് തള്ളുന്ന ശുദ്ധജലം വല്യാനപുഴവഴി കരിയാറ്റില്‍ വന്ന് പതിക്കുമ്പോള്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ശുദ്ധജലസൗകര്യം ലഭ്യമാകും. മറ്റ് കൃഷികളുടെ സംരക്ഷണത്തിനും പ്രയോജനപ്പെടും. നിലവിലുള്ള നെല്‍കൃഷി ഇരിപ്പൂവാക്കാനും കഴിയും. കാലാകാലങ്ങളില്‍ കോട്ടച്ചിറയില്‍ കരിയാറിന് കുറുകെ ഓരുമുട്ട് നിര്‍മ്മിച്ച് ഓരോവര്‍ഷവും സര്‍ക്കാരിന് ലക്ഷങ്ങള്‍ ചെലവഴിക്കേണ്ട സാഹചര്യം ഒഴിവാക്കാനാവും.
                  ഉപ്പുവെള്ളം കയറി കാലാകാലങ്ങളില്‍ ഉണ്ടാകുന്ന വന്‍കൃഷിനാശം ഒഴിവാക്കാനും കഴിയും. കരിയാറിന് കുറുകെ 110 മീറ്റര്‍ നീളത്തില്‍ സ്​പില്‍വേയും പാലവും നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കുട്ടനാട് പാക്കേജ് പദ്ധതിയില്‍പ്പെടുത്തി 25 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 18 മാസമാണ് നിര്‍മ്മാണ കാലാവധി. 10 ഷട്ടറും ഒരു എമര്‍ജന്‍സി ലോക്കറും ഉള്‍പ്പെടുത്തിയാണ് സ്​പില്‍വേയും ഏഴര മീറ്റര്‍ വീതിയില്‍ പാലവും നിര്‍മ്മിക്കുന്നത്.
                   സമ്മേളനത്തില്‍ ജോസ് കെ. മാണി എം.പി, കെ. അജിത്ത് എം.എല്‍.എ., മോന്‍സ് ജോസഫ് എം.എല്‍.എ, കുട്ടനാട് വികസന പദ്ധതി ചീഫ് എന്‍ജിനിയര്‍ പി. അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി. നായര്‍, വൈസ് പ്രസിഡന്റ് കെ.എ. അപ്പച്ചന്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ ശ്രീലത ബാലചന്ദ്രന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ബീന മോഹന്‍, എം.ഡി. ബാബുരാജ്, കെ. പവിത്രന്‍, പി.കെ. ഉത്തമന്‍, കുമാരി ലാലന്‍, എസ്.ഡി. സുരേഷ് ബാബു, ലീനാ ഡി. നായര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ലാലി സത്യന്‍, പി.എസ്. പുഷ്പമണി, കുട്ടനാട് വികസന പദ്ധതി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ പി.കെ. ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
                  രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പോള്‍സണ്‍ ജോസഫ്, പി.എന്‍. ബാബു, കെ. കുഞ്ഞപ്പന്‍, പി. സുഗതന്‍, സുബൈര്‍ പുളിന്തുരുത്തില്‍, പി. സോമന്‍പിള്ള, എം.കെ. രവീന്ദ്രന്‍, വൈക്കം കാര്‍ത്തികേയന്‍ നായര്‍, വി.ജി. പവിത്രന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി.കെ. അനില്‍കുമാര്‍, അനിതാ സെബാസ്റ്റ്യന്‍, ഗീതാജോഷി, ബിന്ദു ഷാജി എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ