പ്രധാന വാര്‍ത്തകള്‍

വാര്‍ത്തകളും അറിയിപ്പുകളും അയച്ചു തരുമെന്ന് പ്രതീക്ഷിക്കുന്നു..!!! അയയ്ക്കേണ്ട വിലാസം ദാ... വരുന്നു..!!>>>>>govindtvpuram@gmail.com>

2012, ഡിസംബർ 22, ശനിയാഴ്‌ച

കക്ക വാങ്ങാന്‍ ആളില്ല; തൊഴിലാളികള്‍ പട്ടിണിയില്‍



വൈക്കം: ഉള്‍നാടന്‍ ജലാശയങ്ങളില്‍ നിന്നും കക്കവാരി ഉപജീവനം നടത്തുന്ന പരമ്പരാഗത തൊഴിലാളികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വികലമായ ഇറക്കുമതിനയം മൂലം പ്രതിസന്ധിയില്‍. വൈക്കം, മുഹമ്മ, തൈക്കാട്ടുശേരി, കുത്തിയതോട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 13 കക്കാ സഹകരണസംഘങ്ങളിലെ അംഗങ്ങളായ ആയിരക്കണക്കിന് തൊഴിലാളികള്‍ വാരിയ കക്ക കെട്ടിക്കിടക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം. കക്ക വിറ്റഴിക്കാന്‍ കഴിയാത്തതുമൂലം തൊഴിലാളികള്‍ക്ക് കൂലി കൊടുക്കാന്‍പോലും സഹകരണസംഘങ്ങള്‍ക്കാവുന്നില്ല. കക്ക കൊണ്ടുവന്നാല്‍ വിറ്റഴിക്കാന്‍ വിപണി ഇല്ലാത്തതിനാല്‍ മാസങ്ങളായി ഈ മേഖലയിലെ തൊഴിലാളികള്‍ കക്ക വാരല്‍ നിര്‍ത്തിയിരിക്കുകയാണ്. വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്ന കുമ്മായവും രാജസ്ഥാന്‍ സ്റ്റോണ്‍ പൗഡറും വില കുറച്ച് ലഭിക്കുന്നതുമൂലം ജലാറ്റിന്‍ ഇന്ത്യാ ലിമിറ്റഡ്, കൊച്ചിയിലെ സിഎംആര്‍, ബിനാനിസിങ്ക്, കൊല്ലത്തെ കെഎംഎംഎല്‍, വെള്ളൂരിലെ എച്ച്എന്‍എല്‍ എന്നീ സ്ഥാപനങ്ങള്‍ കക്കാ ചൂളകളില്‍ നിന്നുള്ള കുമ്മായം വാങ്ങാതെയായി. ഈ കമ്പനികള്‍ നൂറുകണക്കിന് ടണ്‍ കുമ്മായം പ്രതിദിനം ശേഖരിച്ചുകൊണ്ടിരിക്കുകയാണ്്. ഗുണനിലവാരം കുറഞ്ഞ കുമ്മായമാണ് ഇവ ഉപയോഗിച്ചുവരുന്നത്. ഈ കുമ്മായം ഉപയോഗിച്ച് നിര്‍മിക്കുന്ന സിമന്റ്, ഔഷധങ്ങള്‍, പെയിന്റ്, എന്നിവയുടെയും കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള നീറ്റുകക്കായുടെയും ഗുണമേന്മയില്ലാതെയായി. കക്കാ സഹകരണ സംഘങ്ങളില്‍ നിന്നും റോയല്‍റ്റി, ടാക്സ് ഇനങ്ങളിലായി കോടിക്കണക്കിന് രൂപയാണ് സര്‍ക്കാരിന് ലഭിച്ചുകൊണ്ടിരുന്നത്. വ്യവസായം പ്രതിസന്ധിയിലായതോടെ സര്‍ക്കാരിന് നല്‍കുന്ന ടാക്സ് അടയ്ക്കാനാവാതെ കക്കാസഹകരണസംഘങ്ങളുടെ പ്രവര്‍ത്തനവും നിലച്ചു. കൃഷിഭവന്‍ വഴി കര്‍ഷകര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന നീറ്റുകക്കയുടെ സബ്സിഡി ബാങ്ക് അക്കൗണ്ടിലൂടെ ആക്കിയതിലൂടെ നീറ്റുകക്കയുടെ വിതരണവും മുടങ്ങി. മറ്റ് തൊഴിലുകളൊന്നും അറിയാത്ത പരമ്പരാഗത കക്കവാരല്‍ തൊഴിലാളികളും കുടുംബങ്ങളും പട്ടിണിയിലാണ്. തൊഴിലാളികള്‍ വാരിക്കൊണ്ടുവരുന്ന കക്കയും അതിന്റെ ഉല്‍പന്നങ്ങളും വിറ്റഴിക്കാന്‍ നടപടി ഉണ്ടായില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകും. തൊഴില്‍ സംരക്ഷിക്കുന്നതിനും പരമ്പരാഗത കക്കാ വ്യവസായം നിലനിര്‍ത്താനുമായി കക്ക വാരല്‍ തൊഴിലാളികള്‍ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ